...

15 views

സഹജീവീ വിരോധികൾക്കായ്..

തുലാവർഷം കനത്തു പെയ്‌യുന്നു, വിറകുകൾ കൂട്ടിയിട്ട ഒരു ഓല പുരയിലാണ് അമ്മയും ഞങ്ങൾ നാലു മക്കളും കിടക്കുന്നത്. ഓലപ്പഴുതുകൾക്കിടയിലൂടെ അങ്ങിങ്ങായി വെള്ളം ഒഴിക്കി വീഴുന്നുണ്ടായിരുന്നു. മഴത്തുള്ളികൾ തെറിച്ച് അമ്മയുടെ ദേഹത്ത് ചെറു കുമിളകൾ രൂപം കൊണ്ടിരിക്കുന്നു. ഞാൻ ഒഴികെ മറ്റുള്ളവരെല്ലാരും നല്ല ഉറക്കത്തിലാണ്, എനിക്ക് തോന്നുന്നത് ഞങ്ങളുടെ കൂട്ടത്തിൽ ആദ്യമായി ഈ ഭൂമി കണ്ടത് ഞാനാണെന്നാണ്. ശക്തമായ ഇടിനാദം കേട്ട് ഒരുവൻ ചെറിയ ഞരക്കം കാണിച്ചു, അവൻ എന്തോ തിരയുന്നത് പോലെ തോന്നി, അതെ അവൻ അമ്മയുടെ പാല് കുടിക്കാൻ തുടങ്ങി. ചില സമയങ്ങളിൽ അമ്മ നെട്ടി എഴുനേൽക്കുന്നത് കാണാം, തലയൊന്നുയർത്തി ചുറ്റുമോന്നു നോക്കി വീണ്ടും കിടക്കും. ചിലപ്പോൾ ഞാൻ കണ്ണുതുറക്കുമ്പോൾ അമ്മ കൂടെ ഉണ്ടാവില്ല. ഞങ്ങൾ നാലുപേർ മാത്രം മേൽക്കുമേൽ കേട്ടുപിണഞ്ഞു കിടക്കുന്നുണ്ടായിരിക്കും, ഒരുപക്ഷെ ഞാൻ അടിയിലാണ്ണെങ്കിൽ പതിയെ വലിഞ്ഞു അവർക്കു മുകളിൽ കയറി കടക്കും. എങ്ങോട്ട് പോയാലും അമ്മ നേരത്തെ തന്നെ തിരിച്ചു വരും, വരുമ്പോൾ അമ്മയുടെ വയറു നിറഞ്ഞിരിക്കും അമ്മ വന്നു കിടന്നാലുടൻ ഞങ്ങൾ ബഹളം വെക്കാൻ തുടങ്ങും പാലുകുടിക്കാനുള്ള പരിഭ്രാന്തിയാണത്!അമ്മ ഓരോരുത്തരെയായി നക്കി വൃത്തിയാക്കിയ ശേഷമേ പാലുകുടിക്കാൻ വിടാറുള്ളൂ. ഞങ്ങൾ ഒട്ടും ക്ഷമകാണികാതെ പാലുകുടിക്കാൻ തുടങ്ങും, വയറു നിറഞ്‌ ഉറക്കം തളർത്തുന്നതുവരെ ഞങ്ങൾ പാലുകുടിച്ചുകൊണ്ടേയിരിക്കും. ദിവസങ്ങൾ കടന്നുപോയി ഓരോ ദിവസം കഴിയുമ്പോഴും ഞങ്ങൾ അമ്മയ്ക്ക് ഒരു തലവേദന ആയി മാറാൻ തുടങ്ങി, ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും ഓടികളിക്കുന്നത് എന്തുകൊണ്ടോ അമ്മയ്ക്കിഷ്ട്ടമല്ല. ഞങ്ങൾക്കും ഇതിനുള്ളിലെ ചുരുണ്ടുകൂടിയുള്ള ജീവിതം മടുത്തു തുടങ്ങി. ഞങ്ങളും അമ്മയുടെ കൂടെ പുറത്തു പോകാൻ തുടങ്ങുമ്പോൾ അമ്മയുടെ വക ശകാരവും ഉണ്ടാവും വീണ്ടും ഞങ്ങൾ വിറകു ചാളയിൽ കയറികിടക്കും.
ഒരു ദീർഘനേരഉറക്കം കഴിഞ്ഞതുപോലെ എനിക്ക് തോന്നുന്നു. ഉറക്കം എഴുന്നേറ്റതും ഞാൻ ആകെ അമ്പരന്നു. കാരണം എന്റെ കൂടെ മറ്റു മൂന്നുപേരെയും കാണാൻ ഇല്ല. അമ്മ വന്നു കാണും, അവർ എന്നെ അറിയിക്കാതെ പാലുകുടിക്കുകയായിരിക്കുമോ? എന്നു സംശയിച്ചു ഞാൻ ചുറ്റിലും നോക്കി അമ്മയോ കൂടപ്പിറപ്പുകളോ എങ്ങുമില്ല. ഞാൻ പുറത്തോട്ട് ഇറങ്ങി നടന്നു, അതാ അവർ മൂന്നുപേരും പുറത്തു തന്നെയുണ്ട്, അമ്മ പാലും കൊടുത്തു പൊയ്ക്കാണും എനിക്ക് മാത്രം കിട്ടിയില്ല ഈ ദേഷ്യം ഇനി അമ്മ വരുമ്പോൾ ഞാൻ കാണിക്കും. ഞാൻ അവരുടെ അടുക്കലേക്ക് ചെന്നു അവർ ആകെ അശ്വസ്ഥ -തയിലാണ്, ഇനിയും അമ്മ വരാത്തതാണ് കാരണം, എനിക്ക് കുറച്ചു സമാധാനമായി കാരണം അമ്മ പാല് അവർക്കു മാത്രമായി കൊടുത്തിട്ടലലോ പോയത് ഇനി വരുമ്പോൾ എല്ലാവർക്കും ഒപ്പം കിട്ടുമലോ, സാധാരണയായി അമ്മ ഇത്ര വൈകാറില്ല അമ്മ വന്നു ഉണ്ണർത്തിയാലേ ഞങ്ങൾ ഉണരാറുളൂ, പക്ഷെ ഇന്നിപ്പോൾ അമ്മയെ കാണാൻ ഇല്ല. ശക്തമായ മഴ തുടങ്ങി ഞങ്ങൾ തിരികെ വിറകു പുരയിലേക്കു തന്നെ നീങ്ങി. അമ്മയുടെ വരവും കാത്തു ഞങ്ങൾ അതിനുള്ളിൽ തന്നെ ഇരുന്നു. കാത്തിരിപ്പിന്റെ ദൈർഘ്യം നീണ്ടു ഒരു പകൽ നീങ്ങി. രാത്രി തുടങ്ങി ഇനിയും അമ്മ എത്തിയിട്ടില്ല, വിശപ്പ്‌ സഹിക്കാൻ വയ്യാതെ ഞങ്ങൾ കരയാൻ തുടങ്ങി.
തുടരും....