...

1 views

ദുരൂഹത
വീട്ടിലേക്കുള്ള കുറച്ചു സാധനങ്ങൾ വാങ്ങാനായി ടിങ്കുവും സുഹൃത്തും ടൗണിലെത്തി. ടൗണിന്റെ ഹൃദയഭാഗത്ത് ആ സ്ഥലത്തിന്റെ പേരിൽ തന്നെ അറിയപ്പെടുന്ന ഒരു വലിയ തോട് ഒഴുകുന്നുണ്ടായിരുന്നു. ടൗണിന്റെ ഏറ്റവും തിരക്കേറിയ ഭാഗത്തായിരുന്നു തോടിനു കുറുകെയുള്ള പാലം. ടിങ്കുവും സുഹൃത്തും നടന്ന് ആ പാലത്തിലെത്തി. അതിന്റെ കൈവരികളിൽ പിടിച്ചു കൊണ്ടു അവർ രണ്ടു പേരും അധികം ഒഴുക്കില്ലാത്ത, പൊന്തക്കാടുകൾ വളർന്ന ആ തോട്ടിലേക്ക് നോക്കി കൈചൂണ്ടി എന്തൊക്കെയോ സംസാരിച്ചു കൊണ്ടു നിന്നു.


അതിലെ പോയതിൽ ചിലർ അവരെ ശ്രദ്ധിക്കാനും അവർ കണ്ട കാഴ്ച്ച എന്താണെന്നു അറിയാനുള്ള ആകാംക്ഷയിൽ പാലത്തിന്റെ നടപ്പാതയിൽ നിന്നും തോട്ടിലേക്ക് നോക്കാൻ തുടങ്ങി. എന്നാൽ ആരും ആരോടും എന്താണ് സംഭവം എന്ന് ചോദിക്കുന്നുമില്ല. ഓരോരുത്തരും എന്തൊക്കെയോ കണ്ടിട്ട് അതിനെ നോക്കി നിൽക്കുന്നു. അവിടെ എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നത് എന്നത് മനസ്സിലാകാതെ ടിങ്കുവും സുഹൃത്തും അടുത്തുള്ള സൂപ്പർമാർക്കറ്റിലേക്ക് പോയി.

മിനിട്ടുകൾക്കകം പാലത്തിന്റെ നടപ്പാത നിറഞ്ഞു ആൾക്കൂട്ടമായി. വാഹനഗതാഗതം തടസ്സപ്പെട്ടു. പലരും വാഹനം നിർത്തി ഇറങ്ങി തോട്ടിലേക്ക് നോക്കാൻ തുടങ്ങി. അതിനിടക്ക് ആരോ ഒരാൾ ഫയർഫോഴ്സിനെ വിളിച്ചു. മറ്റൊരാൾ ആംബുലൻസ് വിളിച്ചു. വേറൊരാൾ പോലീസിനെയും വിളിച്ചു.


ആൾക്കൂട്ടം പിന്നെയും വർദ്ധിച്ചു കൊണ്ടിരുന്നു. സൈറണുകൾ മുഴക്കി ഫയർഫോഴ്സിന്റെ വാഹനവും ആംബുലൻസും ഒക്കെ പറന്നെത്തി. അധികം വൈകാതെ പോലീസും എത്തി. നൂറുകണക്കിന് ആളുകൾ ആ തോട്ടിലേക്ക് നോക്കി നിൽക്കുകയാണ്. പോലീസ് ജീപ്പിൽ നിന്നിറങ്ങി എന്താണ് സംഭവിച്ചതെന്നു തിരക്കി. അവിടെ നിന്നവർ പരസ്പരം മുഖത്തോടു മുഖം നോക്കി. ആർക്കും അറിയില്ല തോട്ടിൽ എന്താണെന്ന്. ഒരാൾ മറ്റൊരാളോട് ചോദിച്ചു, അയാൾ തിരിച്ചും. ആർക്കും ഉത്തരമില്ല. പോലീസ് ഏമാൻ ആക്രോശിച്ചു."നീയൊക്കെ പിന്നെ ഇത്രയും നേരം എന്തോന്നാടാ നോക്കിക്കൊണ്ടു നിന്നത് ?" നിയന്ത്രണം വിട്ട പോലീസ് ആകാശത്തേക്ക് വെടി വച്ചു. ജനക്കൂട്ടം പലവഴിക്ക് ചിതറി ഓടി. വിളിച്ചവനെ പ്രാകിക്കൊണ്ടു ഫയർ ഫോഴ്സും ആംബുലൻസും തിരികെ പോയി.

സാധനങ്ങൾ വാങ്ങി തിരികെ വന്ന ടിങ്കുവും സുഹൃത്തും വീണ്ടും പാലത്തിനരികെ എത്തി. തോട്ടിലേക്ക് കൈ ചൂണ്ടി ടിങ്കു പറഞ്ഞു" ഈ തോട്ടിൽ പണ്ട് നിറയെ വെള്ളമുണ്ടായിരുന്നു, കാണാനും മനോഹരമായിരുന്നു." തൊട്ടു മുൻപ് അവിടെ നടന്ന സംഭവവികാസങ്ങളുടെ ഉത്തരവാദി തങ്ങളാണ് എന്നറിയാതെ ടിങ്കുവും സുഹൃത്തും വീട്ടിലേക്ക് നടന്നു.

© All Rights Reserved